മുംബൈ: കോൺഗ്രസും എൻസിപി (ശരത് പവാർ) വിഭാഗവും തമ്മിലുള്ള ലയന അഭ്യൂഹങ്ങൾ തള്ളി പാർട്ടി വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ. ലയനവുമായി ബന്ധപ്പെട്ട് യാതൊരുവിധ ചർച്ചകളും ഉണ്ടായിട്ടില്ലെന്നും ഇത്തരത്തിലുള്ള ഒരു നിർദേശവും എൻസിപി മുന്നോട്ടുവച്ചിട്ടില്ലെന്നും സുപ്രിയ വ്യക്തമാക്കി.
മഹാരാഷ്ട്ര കോൺഗ്രസ് മുൻ അധ്യക്ഷൻ നാനാ പടോലെയുടെ പ്രസ്താവനയെത്തുടർന്നുണ്ടായ അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
എൻസിപി (ശരത്പവാർ വിഭാഗം) കോൺഗ്രസുമായി ലയിക്കുന്നതിനുള്ള നിർദേശം മുന്നോട്ടുവച്ചെന്നായിരുന്നു നാനാ പടോലെയുടെ അവകാശവാദം.
അതേസമയം, കോൺഗ്രസിൽ നിന്ന് മുമ്പ് പിരിഞ്ഞുപോയി സ്വന്തം പാർട്ടി രൂപവത്കരിച്ച ശരത്പവാർ, മമതാ ബാനർജി തുടങ്ങിവർ ബിജെപിക്കെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായി കോൺഗ്രസിനെ ശക്തിപ്പെടുത്തണമെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റൗത്തിന്റെ പ്രസ്താവനയെ സുപ്രിയ സുലെ സ്വാഗതം ചെയ്തു. സഞ്ജയ്യുടെ നിർദേശത്തെ പാർട്ടി ഗൗരവത്തോടെ കാണുന്നുവെന്ന് അവർ വ്യക്തമാക്കി.